കോട്ടയം: സംസ്ഥാനത്ത് പോത്തിറച്ചിയുടെ ക്ഷാമം നേരിടുകയും കര്‍ഷകര്‍ വളര്‍ത്താന്‍ വാങ്ങുന്ന പോത്തിന്‍കുട്ടികളുടെ വില കുത്തനെ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ റെയില്‍മാര്‍ഗം പോത്തുകളെ എത്തിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ വഴി കുറഞ്ഞ വിലക്ക് ശുദ്ധമായ പോത്തിറച്ചിയും കര്‍ഷകര്‍ക്ക് കുറഞ്ഞവിലയ്ക്ക് പോത്തന്കുട്ടികളെ ലഭിക്കാനും ഇതുസഹായിക്കും. ഉയര്‍ന്ന തുക ഡിപ്പോസിറ്റ് നല്കി സ്വകാര്യവ്യക്തികള്‍ സംസ്ഥാന വ്യാപകമായി മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ ഔട്ട്ലറ്റുകള് തുടങ്ങിയെങ്കിലും കച്ചവടം ഇല്ലാത്തതുമൂലം അവയെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അധികവിലയും കൃത്യമായി ഉത്പന്നങ്ങള്‍ എത്താത്തതുമാണ് പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്.
റെയില്‍വേ വഴി പോത്തിന് കുട്ടികളെ എത്തിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ 5,000 രൂപയില്‍ താഴെ വിലയ്ക്കു കര്‍ഷകര്‍ക്ക് പോത്തിൻകുട്ടികളെ ലഭ്യമാക്കാന്‍ സാധിക്കും. രണ്ടു വര്‍ഷം വളര്‍ത്തി തിരികെ ഈ സ്ഥാപനം വഴി ഇടനിലക്കാരുടെ ചൂഷണമില്ലാതെ തൂക്കത്തിനു വില്പന നടത്തിയാല്‍ കര്‍ഷകര്‍ക്കു മികച്ച നേട്ടവുമുണ്ടാകും.
കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നു റെയില്‍വേ വഴി പോത്തുകളെയും പോത്തിന്‍കുട്ടികളെയും എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു.